Tuesday, October 14, 2014

ഒരു യുഗ്മഗാനം


ഒരു യുഗ്മഗാനം


M.  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ്
 


Fഎനിക്കായ് വീണയിൽ മധുരമാം ഒരു ശ്രുതി
 നിൻ വിരൽത്തുമ്പിനാൽ  മീട്ടുമെങ്കിൽ 

എന്നും ഞാൻ നിൻ അരികിലുണ്ടാകും
 നിന്നിണക്കിളിയായ് എൻ  കരളേ


M.& F  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ് 


M പടച്ചവൻ തന്നൊരു നിധിയാണെൻ സഖി
ജീവന്റെ ജീവനാം കണ്മണി
പ്രണയമലരാൽ നിന്നെ പൊതിഞ്ഞിടും ഞാൻ
പനീർമഴയായെന്നിൽ പെയ്യുമോ നീ..?

 M.  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ്  
              
F  നീയെൻ അരികിൽ  എന്നുമു
ണ്ടെങ്കിൽ ഞാൻ
നിൻ മടിയിൽ  മണി വീണയാകും
വിരൽ തൊട്ടു രാഗമുണർത്തിയെങ്കിൽ നിൻ
 വിരി മാറിൽ മയങ്ങും മലർഹാരമായ്‌ 


M.& F  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ് M.& F നീലിമ തിങ്ങുമാ വാനതിൽ നാമിരു-
താരകമായ് മിന്നിത്തെളിയും വരെ
ഞാനും നീയും ഇണയരയന്നങ്ങൾ  പോൽ
പ്രണയഗീതം പാടി തുഴഞ്ഞു നീങ്ങും

Wednesday, August 13, 2014

പാടാം നമുക്കൊരു ഗാനം.

പാടാം  നമുക്കൊരു ഗാനം.

പാടുവാൻ മോഹമുണ്ടേറെയെൻ തോഴാ
നീയെന്നരികിലുണ്ടെങ്കിൽ 

 പാഴ്മുളം തണ്ടിൽ നിന്നൂറുന്ന രാഗം  
പാഴ്ശ്രുതിയായിടും മുമ്പേ 

പാടാത്ത പാട്ടുകൾ എന്റെ മനസ്സിൽ,വെണ്‍- 

പ്രാവായ് കുറുകുന്നു ദീനം
നിൻ മൃദു സ്പർശനമൊന്നതു പോരുമേ

ഇന്നതിൻ നോവകറ്റീടാൻ ...
ഇന്നതിൻ നോവകറ്റീടാൻ .....


പ്രാണൻ പിടയുന്ന നോവുമായെൻ ജന്മം
പാഴായിപ്പോവാതിരിക്കാൻ
 

പാവമെൻ ചാരത്തു നീയണയില്ലേ 
 പാടാം  നമുക്കൊരു  ഗാനം .....
പാടാം  നമുക്കൊരു  ഗാനം .....

Monday, March 17, 2014

അകലെയാണെന്നാലും

അകലെയാണെന്നാലും
*********************

അകലെയാണെന്നാലും മനതാരിൽ എന്നും
നറു  ദീപമായി നീ  വഴി തെളിച്ചു

മറന്നെന്നെയോമനെ എങ്കിലും പ്രാണനിൽ
മധുരനൊമ്പരമായ്‌ നീ തുടിച്ചു നിന്നു


കരളിൻ തന്ത്രിയിൽ കവിതയുണർന്നു
കദനം മറന്നെന്നിൽ കനവു പൂത്തു
നിന്നധരപ്പൂ  മധുരം നുകരാൻ
നിന്നിലലിയാനെന്നും ഞാൻ  കൊതിച്ചു 


ഒരിക്കൽ നീ പകർന്നേകിയ പ്രണയമെൻ ,
 ജീവിത താളം തിരിച്ചുതന്നു..
സ്വപ്നങ്ങൾക്കെല്ലാം ചിറകു വന്നു ഞാൻ
 സ്വയം മറന്നങ്ങനെ പറന്നലഞ്ഞു

Thursday, March 6, 2014

താരാട്ട്

എൻ  പൈതലേ .-എൻ  പൂമ്പൈതലേ 

അമ്മണിക്കുഞ്ഞേ …-എൻ  പൊൻ കണിയെ 

അമ്മിഞ്ഞപ്പാലുണ്ട് മോദമോടെ

അമ്മതൻ മാറിൽ നീ ചായുറങ്ങ് ....!!


ശാന്ത മുറങ്ങുന്ന നേരമെന്തേ

മാൻമിഴി മെല്ലെ പിടഞ്ഞിടുന്നു ...?

നന്മതൻ സ്വപ്നമായ് നിന്നരികിൽ

ഉണ്ണിയീശോ വന്നോ  ഉമ്മതന്നോ …?!!


താരിളം ചുണ്ടിന്റെ കോണിലായി

പാലൊളി പ്പുഞ്ചിരിപ്പൂ വിടർന്നു …?

ആനന്ദ ഭൈരവി പാടി നിന്നെ

തലോലമാട്ടിയോ   മാലാഖമാർ …..?!!

Saturday, March 1, 2014

നഷ്ട സ്വപ്നങ്ങൾഅറിയാതെയെങ്കിലും അഭയം കൊതിച്ചു നിന്‍
ആത്മാവില്‍ മുട്ടി വിളിച്ചു
ഒരു സാന്ത്വനമായ് നീ വരുമെന്ന ചിന്തയിൽ
ഒരുപാട്  നേരം ഞാൻ തൊഴുതു നിന്നു....


മൃദു വാക്ക് ചൊല്ലിയെൻ ഹൃദയസരസ്സിൽ നീ
തെളിനീരു പകരുമെന്നോർത്തു നിന്നു
ഒരുവാക്ക് മിണ്ടാതെ  മിഴികൾ  തുറക്കാതെ
ബധിരനെപ്പോലെ നീ  മുഖം തിരിച്ചു....


അരികിൽ  നീയണയും നിമിഷം നിനച്ചു ഞാൻ
പ്രണയ പരവശയായ് കാത്തു നിന്നു
അരികിൽ  വരാതെ അഭയമേകാതെ
അബലയാമിവളെ  നീ   അവഗണിച്ചു....

Monday, February 3, 2014

വിരഹിണി

പ്രിയനേ നിൻ  വിരിമാറിൽ ചേർന്ന് മയങ്ങിയ 
നറു മലരായിരുന്നില്ലേ ഞാൻ...
അരുമയോടധരപുടത്തിനാൽ   അന്നു നീ 
മധുരം പകർന്നതില്ലേ? ...എന്നെ 
പുളകിതയാക്കിയില്ലേ ?

അരുതരുതെന്നെന്റെ പടുവാക്കു കേട്ട് നീ
അലസം ചിരിച്ചതില്ലേ?
അകലുവാനാകാതെൻ ഹൃദയം തുടിച്ചതിൻ 
നിനദം ശ്രവിച്ചതില്ലേ ..?അന്നെൻ 
മിഴികൾ  തുടച്ചതില്ലേ?

ഇതളിൽ നീ ചേർത്തൊരാ രാഗങ്ങൾ മായുംമു -
മ്പകലേയ്ക്കെറിഞ്ഞതില്ലേ?
വിരഹത്തിന്നഗ്നിയിലെരിയുവാൻ മാത്രമീ-
വിധിയെനിക്കേകിയില്ലേ ..?എന്നേയ്ക്കു-
മായെന്നെ   മറന്നതില്ലേ  ? !!