Showing posts with label താരാട്ട്. Show all posts
Showing posts with label താരാട്ട്. Show all posts

Thursday, March 6, 2014

താരാട്ട്





എൻ  പൈതലേ .-എൻ  പൂമ്പൈതലേ 

അമ്മണിക്കുഞ്ഞേ …-എൻ  പൊൻ കണിയെ 

അമ്മിഞ്ഞപ്പാലുണ്ട് മോദമോടെ

അമ്മതൻ മാറിൽ നീ ചായുറങ്ങ് ....!!


ശാന്ത മുറങ്ങുന്ന നേരമെന്തേ

മാൻമിഴി മെല്ലെ പിടഞ്ഞിടുന്നു ...?

നന്മതൻ സ്വപ്നമായ് നിന്നരികിൽ

ഉണ്ണിയീശോ വന്നോ  ഉമ്മതന്നോ …?!!


താരിളം ചുണ്ടിന്റെ കോണിലായി

പാലൊളി പ്പുഞ്ചിരിപ്പൂ വിടർന്നു …?

ആനന്ദ ഭൈരവി പാടി നിന്നെ

തലോലമാട്ടിയോ   മാലാഖമാർ …..?!!

Sunday, December 2, 2012

ഇളം പൈതലെ രാരിരാരോ

വാനിലൊരായിരം  താരകങ്ങള്‍ 
താഴേയ്ക്ക് നോക്കുന്നു മോദമോടെ,
എന്മാറില്‍ ചാഞ്ഞുറങ്ങീടുമിളം 
പൈതലെ,  നിന്‍ മുഖം കാണുവാനായ് 

താലോലമാട്ടുന്നു   കുഞ്ഞുതെന്നല്‍,
താളം പിടിക്കുന്നു കിളികുലങ്ങള്‍ 
താരാട്ട് പാടിടാം ഞാനും ,എന്റെ 
താമരപ്പൂമുത്തെ രാരിരാരോ ...

ഇത്തിരി വെട്ടമായ് മിന്നിടുന്നു 
കൊച്ചുമിനുങ്ങുകള്‍ കൂട്ടമായി
ശാന്തമുറങ്ങു ,എന്‍ കണ്മണിയെ,
ജന്മസാഫല്യമാം പൊന്‍ കനിയെ ...

Sunday, November 4, 2012

കണ്ണാ കണ്ണാ

ഈ പാട്ട് ഇവിടെ കേൾക്കാം
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ  എസ്  പണിക്കർ
പാടിയത് . ലയ ശരത്

 

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്….
           
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ             

അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..

രാരിരാരോ രാരിരാരോ 
രാരീരം…രാരീരം..രാരോ


പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്. 

രാരിരാരോ രാരിരാരോ 
രാരീരം…രാരീരം..രാരോ
      

Tuesday, July 24, 2012

മാലാഖ



ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....

താരാപഥത്തിനും  അപ്പുറത്തുനിന്നും
താഴേയ്ക്കു വന്നൊരു മാലാഖ
താരാട്ട് കേള്‍ക്കാന്‍ കൊതിക്കുമെന്നുണ്ണിക്കായ്
താമരപ്പൂവൊന്നെറിഞ്ഞു  തന്നു

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....
 
താമരപ്പൂവിന്നിതളുകള്‍ക്കുള്ളിലായ് 
മാണിക്യച്ചെപ്പൊന്നൊളിച്ചിരുന്നു
അച്ചെപ്പ്  മെല്ലെ  തുറന്നപ്പോള്‍ കേട്ടുഞാന്‍
മാലാഖ പാടും മധുര ഗാനം

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....

മാലാഖ പാടും മധുര ഗാനം കേട്ട്
മാനത്തെ നക്ഷത്രം കണ്ണ് ചിമ്മി
എന്‍ മാറില്‍ ചാഞ്ഞു മയങ്ങുമെന്നുണ്ണിക്കായ്
തെന്നലുമാഗാനം ഏറ്റുപാടി

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....