Monday, December 31, 2012

സ്നേഹസാഗരം

സ്നേഹസാഗരം

ഞാനറിഞ്ഞില്ലെന്റെ  ദൈവമേ ,നീയെന്നെ
ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന് ,
ജീവിത വീഥിയില്‍ കാലിടറാതെന്നെ
നേര്‍വഴി കാട്ടി നയിച്ചുവെന്ന് !

നിന്നെ മറന്നു ഞാന്‍ പോയ വഴിക്കെല്ലാം
എന്നെ വെറുക്കാതെ കൂടെവന്നു ,
എങ്കിലും നിന്‍ മുറിവഞ്ചിലും മുള്ളുകള്‍
പിന്നെയും പിന്നെയും ഞാന്‍ തറച്ചു .....!!
അപ്പോഴും കണ്ണുനീര്‍ നീ തുടച്ചു
എന്റെ കുറ്റങ്ങളൊക്കെയും നീ ക്ഷമിച്ചു .

(ഞാനറിഞ്ഞില്ലെന്റെ  ദൈവമേ...)

നെഞ്ചകം വിങ്ങി വിതുമ്പി ഞാന്‍ കേഴുമ്പോള്‍
സ്വാന്തനമായി നീ  കൂടെ നിന്നു ,
പാരം നടന്നു തളര്‍ന്നു  ഞാന്‍ വീഴവെ
തൃക്കൈകളാലെന്നെ താങ്ങി നിര്‍ത്തി ...!!
എന്നിട്ടും കണ്ണ് തുറന്നതില്ല ,നിന്നെ
കണ്ടിട്ടും ആരെന്നറി ഞ്ഞതില്ല

(ഞാനറിഞ്ഞില്ലെന്റെ  ദൈവമേ...)

Sunday, December 9, 2012

ഉണരുനീ സ്രവന്തികേ....



ഉണരുനീ സ്രവന്തികേ,
ഉണരുനീ സൌപർണ്ണികേ..
കുടജാദ്രിതൻ  ഉറവാം
കുളിർ നീരുമായ് ഒഴുകും
സൌപർണ്ണികേ  ഉണരു നീ.....

(ഉണരുനീ സ്രവന്തികേ....)

നിൻ കുളിരലകൾ പാടും
മൃദു മര്‍മ്മര ഗീതം
അഴലുമീ അകതാരില്‍
അമൃത വര്‍ഷമായ്  നിറയാന്‍.....

(ഉണരുനീ സ്രവന്തികേ....)

ദേവി നിന്‍ പാദധൂളി
കലരുമീ നീരൊഴുക്കില്‍
ഹൃദയ ഭാരങ്ങള്‍  കഴുകി
ശാന്തി മന്ത്രത്തില്‍ അലിയാന്‍ ....

( ഉണരുനീ സ്രവന്തികേ....)

Thursday, December 6, 2012

ഒരു കൊച്ചു സ്വപ്നം



ഒരു കൊച്ചു സ്വപ്നം നിദ്രയിൽ വന്ന്
അരുമയോടെന്നെ തൊട്ടുണർത്തി
ഒരുങ്ങുവാനൊരു നിമി നേരം തരാതെ
രഥമൊന്നിലേയ്ക്കെന്നെ ആനയിച്ചു

ഒരു കൊച്ചു സ്വപ്നം......

ഇതുവരെ കാണാത്ത കരകൾ കടന്ന്
കടലേഴും താണ്ടി യാത്രയായി
പ്രഭതൂകുമൊരുകൊച്ചു ദ്വീപിലാരഥമെത്തി
ഒരു ദേവനെൻ കൈ പിടിച്ചിറക്കി.

ഒരു കൊച്ചു സ്വപ്നം......

ഇതുവരെയറിയാത്തൊരാത്മഹർഷത്തിൽ
അടിമുടി കോരിത്തരിച്ചു പോയി
അനുരാഗലോലന്റെ വിരിമാറിൽ തലചായ്ച്ച്
സ്വയം മറന്നങ്ങനെ നിന്നു പോയ് ഞാൻ...
ഒരു കൊച്ചു സ്വപ്നം...
...

Sunday, December 2, 2012

ഇളം പൈതലെ രാരിരാരോ

വാനിലൊരായിരം  താരകങ്ങള്‍ 
താഴേയ്ക്ക് നോക്കുന്നു മോദമോടെ,
എന്മാറില്‍ ചാഞ്ഞുറങ്ങീടുമിളം 
പൈതലെ,  നിന്‍ മുഖം കാണുവാനായ് 

താലോലമാട്ടുന്നു   കുഞ്ഞുതെന്നല്‍,
താളം പിടിക്കുന്നു കിളികുലങ്ങള്‍ 
താരാട്ട് പാടിടാം ഞാനും ,എന്റെ 
താമരപ്പൂമുത്തെ രാരിരാരോ ...

ഇത്തിരി വെട്ടമായ് മിന്നിടുന്നു 
കൊച്ചുമിനുങ്ങുകള്‍ കൂട്ടമായി
ശാന്തമുറങ്ങു ,എന്‍ കണ്മണിയെ,
ജന്മസാഫല്യമാം പൊന്‍ കനിയെ ...

Sunday, November 4, 2012

കണ്ണാ കണ്ണാ

ഈ പാട്ട് ഇവിടെ കേൾക്കാം
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ  എസ്  പണിക്കർ
പാടിയത് . ലയ ശരത്

 

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്….
           
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ             

അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..

രാരിരാരോ രാരിരാരോ 
രാരീരം…രാരീരം..രാരോ


പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്. 

രാരിരാരോ രാരിരാരോ 
രാരീരം…രാരീരം..രാരോ
      

Sunday, October 7, 2012

ലളിതഗാനം


ഈ    ഗാനം കേള്‍ക്കാന്‍   http://leelamchandran.blogspot.in/search/label/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82.
ക്ലിക്കുക.


രചന ലീല എം ചന്ദ്രന്‍

സംഗീതം .രമേഷ് നാരായണന്‍

പാടിയത് .വിദ്യാ ഖാലിദ്



മൂകമായ്......

************

മൂകമായ് പാടുമീ വിപഞ്ചിക

മോഹ മായ് തേടുമീ വിപഞ്ചിക..

മധുരമാം ഓര്‍മ്മയില്‍

ഇതളിട്ടു നില്‍ക്കുന്ന

ജീവരാഗമാണ് നീ.




മോഹങ്ങളകന്നോരീ തീരഭൂവില്‍

ആരെയോ കാത്തിരുന്നു

വരുമെന്നും വരില്ലെന്നും മൊഴിപാടി

ഒരുകിളി ഇതുവഴി പറന്നുപോയി




താളങ്ങള്‍ പിഴച്ചോരീ ശൂന്യ വേദിയില്‍

ഏകയായ് ഞാനിരുന്നു

കരയാനും ചിരിക്കാനും കഴിയാതെ

മലരുകള്‍ മധുമാസം മറന്നു പോയി

Sunday, September 2, 2012

ഒരു നോക്ക് കാണുവാന്‍

നിന്നു ഞാന്‍ ചുറ്റമ്പലത്തിന്നരികില്‍  
താമരപ്പൂങ്കുളത്തിന്‍  കരയില്‍ 
ഈറനുടുത്തവള്‍ ആ വഴി എത്തുന്ന 
നേരം ,ഒരു നോക്ക് കാണുവാനായ് ....

(നിന്നു ഞാന്‍ ...

കാര്‍വര്‍ണ്ണ വേണിയില്‍ മാദക ഗന്ധവു-
മായവള്‍  ആ വഴി വന്നു ,
എന്തോ പറയുവാന്‍ നിന്നു ,പിന്നെ -
ഒന്നും പറയാതെ പോയി....

(നിന്നു ഞാന്‍ ...

എന്നന്തരംഗം  നിറയ്ക്കുമാ പുഞ്ചിരി 
എന്നിനിയൊന്നു  ഞാന്‍ കാണും ...?
എന്നനുരാഗ വിരാജിത സുന്ദരി,
എന്ന് നാമൊന്നായിത്തീരും...?
(നിന്നു ഞാന്‍ ...
.