Monday, March 17, 2014

അകലെയാണെന്നാലും

അകലെയാണെന്നാലും
*********************

അകലെയാണെന്നാലും മനതാരിൽ എന്നും
നറു  ദീപമായി നീ  വഴി തെളിച്ചു

മറന്നെന്നെയോമനെ എങ്കിലും പ്രാണനിൽ
മധുരനൊമ്പരമായ്‌ നീ തുടിച്ചു നിന്നു


കരളിൻ തന്ത്രിയിൽ കവിതയുണർന്നു
കദനം മറന്നെന്നിൽ കനവു പൂത്തു
നിന്നധരപ്പൂ  മധുരം നുകരാൻ
നിന്നിലലിയാനെന്നും ഞാൻ  കൊതിച്ചു 


ഒരിക്കൽ നീ പകർന്നേകിയ പ്രണയമെൻ ,
 ജീവിത താളം തിരിച്ചുതന്നു..
സ്വപ്നങ്ങൾക്കെല്ലാം ചിറകു വന്നു ഞാൻ
 സ്വയം മറന്നങ്ങനെ പറന്നലഞ്ഞു

Thursday, March 6, 2014

താരാട്ട്





എൻ  പൈതലേ .-എൻ  പൂമ്പൈതലേ 

അമ്മണിക്കുഞ്ഞേ …-എൻ  പൊൻ കണിയെ 

അമ്മിഞ്ഞപ്പാലുണ്ട് മോദമോടെ

അമ്മതൻ മാറിൽ നീ ചായുറങ്ങ് ....!!


ശാന്ത മുറങ്ങുന്ന നേരമെന്തേ

മാൻമിഴി മെല്ലെ പിടഞ്ഞിടുന്നു ...?

നന്മതൻ സ്വപ്നമായ് നിന്നരികിൽ

ഉണ്ണിയീശോ വന്നോ  ഉമ്മതന്നോ …?!!


താരിളം ചുണ്ടിന്റെ കോണിലായി

പാലൊളി പ്പുഞ്ചിരിപ്പൂ വിടർന്നു …?

ആനന്ദ ഭൈരവി പാടി നിന്നെ

തലോലമാട്ടിയോ   മാലാഖമാർ …..?!!

Saturday, March 1, 2014

നഷ്ട സ്വപ്നങ്ങൾ



അറിയാതെയെങ്കിലും അഭയം കൊതിച്ചു നിന്‍
ആത്മാവില്‍ മുട്ടി വിളിച്ചു
ഒരു സാന്ത്വനമായ് നീ വരുമെന്ന ചിന്തയിൽ
ഒരുപാട്  നേരം ഞാൻ തൊഴുതു നിന്നു....


മൃദു വാക്ക് ചൊല്ലിയെൻ ഹൃദയസരസ്സിൽ നീ
തെളിനീരു പകരുമെന്നോർത്തു നിന്നു
ഒരുവാക്ക് മിണ്ടാതെ  മിഴികൾ  തുറക്കാതെ
ബധിരനെപ്പോലെ നീ  മുഖം തിരിച്ചു....


അരികിൽ  നീയണയും നിമിഷം നിനച്ചു ഞാൻ
പ്രണയ പരവശയായ് കാത്തു നിന്നു
അരികിൽ  വരാതെ അഭയമേകാതെ
അബലയാമിവളെ  നീ   അവഗണിച്ചു....

Monday, February 3, 2014

വിരഹിണി

പ്രിയനേ നിൻ  വിരിമാറിൽ ചേർന്ന് മയങ്ങിയ 
നറു മലരായിരുന്നില്ലേ ഞാൻ...
അരുമയോടധരപുടത്തിനാൽ   അന്നു നീ 
മധുരം പകർന്നതില്ലേ? ...എന്നെ 
പുളകിതയാക്കിയില്ലേ ?

അരുതരുതെന്നെന്റെ പടുവാക്കു കേട്ട് നീ
അലസം ചിരിച്ചതില്ലേ?
അകലുവാനാകാതെൻ ഹൃദയം തുടിച്ചതിൻ 
നിനദം ശ്രവിച്ചതില്ലേ ..?അന്നെൻ 
മിഴികൾ  തുടച്ചതില്ലേ?

ഇതളിൽ നീ ചേർത്തൊരാ രാഗങ്ങൾ മായുംമു -
മ്പകലേയ്ക്കെറിഞ്ഞതില്ലേ?
വിരഹത്തിന്നഗ്നിയിലെരിയുവാൻ മാത്രമീ-
വിധിയെനിക്കേകിയില്ലേ ..?എന്നേയ്ക്കു-
മായെന്നെ   മറന്നതില്ലേ  ? !!

Monday, December 23, 2013

തിരുജനനം

മണ്ണിൻ വെളിച്ചമായ്  കാലിത്തൊഴുത്തിൽ
പിറന്നോ
രീ നാഥനു സ്വസ്തി
കന്യകതൻ പ്രിയ സൂനുവായ് മേവുമീ
ഉണ്ണി മിശിഹയ്ക്ക് സ്വസ്തി...

ഹല്ലെലുയ്യ..... ഹല്ലെലുയ്യ ...
ഹല്ലെലുയ്യ.... ഹല്ലെലുയ്യ....

 മണ്ണിൻ വെളിച്ചമായ് ......

പാവങ്ങൾ ഞങ്ങൾക്ക് പാടുവാൻ ഗീതികൾ,
നിന്നെപ്പുകഴ്ത്തുവാൻ  മാത്രം 
കാണുവാൻ വിശ്വൈക രൂപമല്ലാതെ
വേറൊന്നുമില്ല സർവേശ 


നിൻ  മഹത്വം .....പാടുന്നു ഞങ്ങൾ....
 
ഹല്ലെലുയ്യ ....ഹല്ലെലുയ്യ 

മണ്ണിൻ വെളിച്ചമായ് ......

നിന്തിരുമുമ്പിലർപ്പിക്കുന്നു  ഞങ്ങൾ തൻ
തീരാത്ത
നൊമ്പരപ്പൂക്കൾ
നീ മാത്രമാശ്രയം  നീ തന്നെ സർവതും
കൈവെടിയല്ലേ നീ നാഥാ 

നിൻ  മഹത്വം ....പാടുന്നു ഞങ്ങൾ....
ഹല്ലെലുയ്യ ....ഹല്ലെലുയ്യ 


 മണ്ണിൻ വെളിച്ചമായ് ......

Sunday, October 27, 2013

ഇനിയും തൂവസന്തം വരും


ഇവിടെയീ നിറ വനഭൂവിൽ
ഇനിയും തൂവസന്തം വരും
ഇരുളടഞ്ഞ കിനാ ശതങ്ങളോ
ഇതളിതളായ്‌ മെല്ലെ ...വിടരും.

 
കാർമുകിലുകൾ പെയ്തൊഴിയും
കുളിർകാറ്റ്‌  മന്ദമായ് വീശും
കടലിൻ കലിയടങ്ങും ,വെണ്‍ നുര
കരയെ വാരിപ്പുണരും 


നീർ മിഴിയിൽ അഴകൊഴുകും
നീർമണികൾ പൊന്നൊളിതൂകും
നിനവിൻ പൂവാമെ ൻ  ഹൃദയം
നിറയെ പ്രണയം തുളുമ്പും

Tuesday, October 22, 2013

മത്സഖി

എത്ര  ഞാൻ കണ്ടു കിനാവുകൾ മത്സഖി
അത്രയും നിന്നെക്കുറിച്ചു മാത്രം
എത്ര കവിതകൾ തൂലികത്തുമ്പിൽ നി -
ന്നിറ്റു  വീണെല്ലാം നിൻ വർണ്ണനകൾ
ഇറ്റു വീണെല്ലാം  നിൻ വർണ്ണനകൾ 


വത്സരം വേഗം കടന്നിടാം വാസന്ത -
പുഷ്പങ്ങളെല്ലാമടർന്നു പോകാം 
എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും 



സൗഷ്ടവം മേനിക്കു നഷ്ടമാകാം ,കഴൽ-
ശുഭ്രമാകാം മിഴി ശോഭമങ്ങാം
എങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
 ***************************

.