Sunday, August 25, 2013

യദുകുല ദേവന്‍




യദുകുല ദേവന്‍ വരും ധന്യ നിമിഷം
കാതരയായിവള്‍ കാത്തിരിക്കുന്നു
വഴിതെറ്റിയെങ്കിലും വരുമവനിതിലെ
ഒരു നോക്ക് കാണാതെ പോകുവതെവിടെ ...?!

                                             യദുകുല ദേവന്‍

മയില്‍‌പ്പീലി ചൂടുമാ മഞ്ജുള രൂപമെന്‍
മനതാരില്‍ നിത്യം നിറഞ്ഞിടുമ്പോള്‍
കായാമ്പു വര്‍ണന്റെ ആയതമിഴികള്‍
 പാവമാമിവളിൽ കനിവിയലും

                                             യദുകുല ദേവന്‍

പീതാംബരധാരി തന്നധരത്തിലെ
പൊൻ മുരളികയായ് ഞാന്‍  മാറിടുമ്പോള്‍
നീരദ സുന്ദര സുസ്മേരനിവളുടെ
ജീവിത സൗഭാഗ്യമായ് വിളങ്ങും.

                                              യദുകുല ദേവന്‍
                                          

Monday, August 12, 2013

വിശ്വ നായകാ


വിശ്വ നായകാ സ്നേഹഗായകാ
 ഞങ്ങളെ കാത്തരുളണേ
അക്ഷയജ്യോതിസ്സാണ്  നീ,ഞങ്ങള്‍-
ക്കക്ഷര ഭാഗ്യമേകണേ. 

 വിശ്വ നായകാ...... 

അജ്ഞതതന്‍  തമസ്സില്‍ നിത്യമാം
തൂവെളിച്ചം നീ നല്‍കണേ
മര്‍ത്ത്യരെ സ്നേഹിച്ചീടുവാന്‍,
നന്മ ചെയ്യുവാന്‍ വരമേകണേ. 

 വിശ്വ നായകാ....


ദു:ഖ  പാതയില്‍ സാന്ത്വനമേകി
ഞങ്ങളെ നയിച്ചീടണേ
ശത്രുവിന്‍   കണ്ണീരൊപ്പുവാന്‍,
സഹായിക്കുവാന്‍ മനസ്സേകണേ 

 വിശ്വ നായകാ......

Sunday, July 7, 2013

നിത്യസഹായ മാതാവേ


നിത്യസഹായ മാതാവേ
നീയെനിക്കെന്നെന്നുമാശ്രയം,
നീയാണെന്നമ്മ, നീതന്നെ ഉണ്മ,
നീയേ ശരണം മാതാവേ....

                 നിത്യസഹായ മാതാവേ....


നന്മ നിറഞ്ഞവൾ നീ  ,   സ്വസ്തി
കർത്താവു നിന്നിൽ വാഴ്വൂ,
പരിശുദ്ധാത്മാവിന്റെ ദാനം,
നിന്നുദരം ധന്യമാക്കി....

                  നിത്യസഹായ മാതാവേ....


ലോകാധിനാഥനു തായേ,ഇ-
പ്പാപികൾ നിൻ മുന്നിൽ നിൽ‌പ്പൂ,
ഞങ്ങൾക്കായ് പ്രാർഥിച്ചിടേണേ
എപ്പോഴും അന്ത്യ നേരത്തും....

                  നിത്യസഹായ മാതാവേ....

Thursday, May 16, 2013

എവിടെ ?



ശ്രീനാഥനെവിടെ.....?
ശ്രീദേവി എവിടെ....?
ആ.....ആ.....ആ.....
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍ തന്‍ കോവില്‍
നിത്യ നിതാന്തമീഭൂമി..
                                    ശ്രീനാഥ.....
ഇവിടെയിതാ..തുടി താളം
മറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്‌
അശാന്തമാമൊരു കോവില്‍....
                                           ശ്രീനാഥ....
ഇവിടെയിതാ... ഇരുള്‍ പെറ്റ
മോഹത്തിന്നൊളിയിടങ്ങള്‍
ദാഹനീരൊഴുകാത്തൊ-
രരുവികള്‍...
മിഴി തുറന്നീടാത്ത
നിലവിളക്ക്‌..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി ...ഇത്‌
അശാന്തമാമൊരു കോവില്‍.....
                                         ശ്രീനാഥ....

Wednesday, April 17, 2013

ശരണം ശ്രീ മുത്തപ്പാ


വിശ്വ ചരാചര  വിസ്മയ മുത്തേ 
വിശ്വേശ്വരന്റെ  അംശകനെ 
ചരണം ശരണം  ശ്രീ മുത്തപ്പാ 
തരണം നീ ശരണം 

ദർശന ഭാഗ്യം നൽകിയെൻ  ചിത്തം 
നിർമ്മലമാക്കണേ ശ്രീ മുത്തപ്പാ 
തേങ്ങാപ്പൂളും പയറും തന്ന് ,പൈ-
ദാഹങ്ങളെല്ലാം അകറ്റണമേ

എന്നുമെന്നുള്ളിൽ കുടികൊള്ളൂക നീ 
പറശ്ശിനിയിൽ വാഴും ശ്രീ മുത്തപ്പാ  
പിഴകളൊഴിഞ്ഞതാം  വഴിനടത്തിടണേ 
സർവൈശ്വര്യങ്ങളും   നൽകണേ 

Thursday, April 11, 2013

വിഷുപ്പക്ഷി.



എന്തിനു കാലം തെറ്റി വന്നു
നീ വിഷുപ്പക്ഷി
നിന്നിണക്കിളി നിന്നെ  വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന്‍ പ്രിയതമയെ....?

                                    എന്തിനു കാലം തെറ്റി.....

നീലാംബുജങ്ങള്‍   മറന്ന തടാകങ്ങള്‍
നീരദപാളിയുറഞ്ഞ  വെണ്മേഘങ്ങള്‍
നിന്‍ മിഴിത്തുമ്പില്‍ നിന്നിറ്റിറ്റു വീഴുമീ
കണ്ണീര്‍കണങ്ങളില്‍ തെളിഞ്ഞിടുന്നു....

                                  എന്തിനു കാലം തെറ്റി.......

അന്നു നിന്നിണയുടെ കൊഞ്ചല്‍ നിന്‍ ജീവനില്‍
സുന്ദരരാഗത്തേന്‍  ശ്രുതി പകര്‍ന്നു....
ഇന്നീനൊമ്പര  ചെങ്കടലില്‍ നിന്റെ
ജന്മമൊടുങ്ങുന്നീ   സന്ധ്യകളില്‍....

                              എന്തിനു കാലം തെറ്റി......